കേരളത്തില്‍ കൊല്ലം ജില്ലയില്‍ കൊട്ടാരക്കര താലൂക്കില്‍ പടിഞ്ഞാറേ അറ്റം സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ പുത്തൂര്‍ കരിമ്പിന്‍പുഴ എന്ന സ്ഥലത്താണ് കൊച്ചുചോറ്റാനിക്കര ഭഗവതിക്ഷേത്രം. കൊല്ലവര്‍ഷം എൺപതാമാണ്ടാണ് കൊച്ചുചോറ്റാനിക്കര ക്ഷേത്രോത്പത്തിയെന്ന് കരുതപ്പെടുന്നു. ഈ ഉത്പത്തിക്ക് പിന്നില്‍ മങ്ങി മറഞ്ഞു കിടക്കുന്ന ഒട്ടനവധി സംഭവപരമ്പരകളുണ്ട്. കണ്ണൂര്‍ ജില്ലയില്‍ മാങ്ങാട് ഗ്രാമത്തില്‍ ചിരപുരാതനമായ ഒരു മനയുണ്ട്. മംഗലശ്ശേരി മന. ഈ മനയില്‍ നാരായണന്‍ നമ്പൂതിരി എന്നൊരാള്‍ ജനിച്ചു. അസാമാന്യ വ്യക്തിപ്രഭാവമുള്ള അദ്ദേഹം വേദശാസ്ത്രം, തന്ത്രവിദ്യ, ജ്യോതിഷം എന്നിവയില്‍ പ്രാവീണ്യം നേടിയിരുന്നു. എറണാകുളം ജില്ലയിലുള്ള ചോറ്റാനിക്കര ഭഗവതിയെ ഭക്തിപൂര്‍വ്വം ഭജിക്കുക മൂലം ഭക്താനുഗ്രഹതത്പരയായ ഭഗവതി ഈദ്ദേഹത്തിന് ദര്‍ശനം നല്‍കുകയുണ്ടായി. ഇങ്ങനെ മഹായോഗിയായിത്തീര്‍ന്ന ഇദ്ദേഹം ക്ഷേത്രാങ്കണത്തിൽ അമാനുഷപ്രഭാവനായ ഒരു സന്യാസിവര്യനെ കാണുവനിടയായി. വടക്കേമലബാറിലെ കിള്ളിക്കുറിശ്ശി മംഗലം ഗ്രാമത്തില്‍ ജനിച്ച ശങ്കരനായിരുന്നു അദ്ദേഹം. ഒരു ദിവ്യ അനുഭൂതിയായിരുന്നു ഇവരുടെ സംഗമം. ഇരുവരും ചോറ്റാനിക്കര ക്ഷ്രേതത്തില്‍ കുറേക്കാലം താമസിച്ചു. അവിടെയുള്ള ഭക്തജനങ്ങളുടെ സ്‌നേഹാദരങ്ങള്‍ നേടി. ദേശാടനമായിരുന്നു അവരുടെ ലക്ഷ്യം കൂട്ടത്തില്‍ ഇഷ്ടദേവതയായിരുന്ന ചോറ്റാനിക്കര അമ്മയുടെ സിദ്ധിവിശേഷത്തെപ്പറ്റിയുള്ള അറിവ് പകര്‍ന്നുകൊടുക്കുകയും, അറിഞ്ഞവര്‍ അറിയിക്കുകയും, കൂടുതല്‍ അറിഞ്ഞവര്‍ വളരെക്കൂടുതല്‍ അറിയിക്കപ്പെടുകയും ചെയ്തപ്പോള്‍ ചോറ്റാനിക്കര മഹാമായയുടെ മഹിമ മലയാളക്കരയ്ക്ക് രോമാഞ്ചമായി മാറുകയാണുണ്ടായത്. ശങ്കരതീര്‍ത്ഥപാദരും നാരായണന്‍ നമ്പൂതിരിയും ചോറ്റാനിക്കര ക്ഷ്രേതം വിട്ടു തെക്കോട്ട് യാത്ര ചെയ്ത് കൊല്ലം ജില്ലയില്‍ കൊട്ടാരക്കര താലൂക്കിന്റെ പടിഞ്ഞാറേ അറ്റത്ത് കല്ലടയാറിന്റെ ദക്ഷിണഭാഗത്ത് സ്ഥിതിചെയ്യുന്ന കരിമ്പിന്‍പുഴ എന്ന പുണ്യഭൂമിയില്‍ എത്തിച്ചേരുകയും ചെയ്തു. നിത്യകര്‍മ്മാനുഷ്ഠാനങ്ങൾക്കു പറ്റിയ സ്ഥലമാണെന്ന് മനസ്സിലാക്കിയ അവര്‍ കരിമ്പിന്‍പുഴയില്‍ കല്ലടയാറിന്റെ തീരത്ത് ഒരു മഠം സ്ഥാപിച്ചു. ഈ മഠത്തില്‍ തങ്ങളുടെ തേവാരമൂര്‍ത്തിയായ ചോറ്റാനിക്കര ദേവിയെ പ്രതിഷ്ഠിച്ചു. ഈ പ്രതിഷ്ഠയാണ് പിന്നീട് കൊച്ചുചോറ്റാനിക്കര ദേവിയായി അറിയപ്പെട്ടത്.
കല്ലടയാറ്റിൽ നിന്നുള്ള വെള്ളപ്പൊക്കം മൂലം മഠവും പരിസരവും വെള്ളത്തില്‍ മുങ്ങിപ്പോകുന്നത് സാധാരണമായിരിക്കെ മഠത്തിന് പലപ്പോഴും കേടുപാടുകള്‍ സംഭവിച്ചതുകൊണ്ടായിരിക്കണം മഠത്തിന്റെ തെക്കുകിഴക്കേ ഭാഗത്ത് അല്‍പം ഉയർന്നു മേലൂട്ട് എന്ന് വിളിച്ചിരുന്നതും, ഇപ്പോള്‍ മേലേ തുണ്ട് എന്നറിയപ്പെടുന്നതുമായ സ്ഥലത്തേയ്ക്ക് മാറ്റാന്‍ അവരെ പ്രേരിപ്പിച്ച ഘടകം. അവിടെ തങ്ങളുടെ ഉപാസനമൂര്‍ത്തികളായ ചോറ്റാനിക്കര ദേവിയേയും, പര്രബഹ്മ സ്വരൂപനായ പരമശിവനേയും, മായാരൂപേണ വര്‍ത്തിക്കുന്ന പാര്‍വ്വതി ദേവിയേയും സങ്കല്‍പ്പിച്ച് പൂജാദികര്‍മ്മങ്ങള്‍ അനുഷ്ഠിച്ചുവന്നിരുന്നു. ഈ യോഗികള്‍ ശ്രീ ച്രകപൂജയ്ക്കും, പൗർണമി പൂജയ്ക്കും ഏറെ പ്രാധാന്യം കല്‍പ്പിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണം കൊച്ചുചോറ്റാനിക്കര ക്ഷേത്രത്തിൽ പൗർണമി പൂജ ഇന്നും നിര്‍വിഘ്നം നടന്നു കൊണ്ടിരിക്കുന്നു. യോഗിക്കു മൂന്ന് ശിഷ്യന്‍മാരുണ്ടായിരുന്നതായിട്ടാണറിവ്. ഇവര്‍, സുബ്രഹ്മണ്യൻ, ശാസ്താവ്, ഹനുമാന്‍ എന്നീ ദേവതകളുടെ ഉപാസകന്മാരായിരുന്നു. ഇവര്‍ നിത്യ ബ്രഹ്മചാരികളായിരുന്നതുകൊണ്ട് പിന്‍ഗാമികള്‍, ഇല്ലാതെവരികയും മഠം നിശ്ശേഷം നശിക്കുകയും അതിന്റെ നാമധേയം ഇല്ലാതെ വരികയും ചെയ്തു. നൂറ്റാണ്ടുകള്‍ കഴിഞ്ഞു പരിസരവാസികള്‍ക്കാകമാനം ദുര്‍ഭിക്ഷതയും ദുരിതങ്ങളും അനുഭവവേദ്യമായി. കാരണമന്വേഷിക്കുവാനായി പല പ്രഗല്‍ഭ ജ്യോൽസ്യന്മാരെയും ചെന്നുകണ്ടു. പ്രശ്നവശാല്‍ ചിരപുരാതനമായ ഒരു ദുർഗ്ഗാക്ഷേത്രത്തിന്റെ നാശമാണ് ഈ ദുരിതങ്ങള്‍ക്കും അസ്വാസ്ഥ്യങ്ങള്‍ക്കും കാരണമെന്ന് തെളിഞ്ഞു. അതിന്റെ മൂലശക്തി ചോറ്റാനിക്കരഅമ്മയാണെന്നും തെളിഞ്ഞു. ഇതിനു പ്രതിവിധിയായി മേലൂട്ട് എന്ന് വിളിച്ചിരുന്ന സ്ഥാനത്ത് ക്ഷേത്രം പണിതീര്‍ക്കുകയും താന്ത്രിക വിധിപ്രകാരം ചോറ്റാനിക്കരയമ്മ മൂലശക്തിയായ കൊച്ചുചോറ്റാനിക്കര അമ്മയെ പുനഃപ്രതിഷ്ഠിക്കുകയും ചെയ്തു. കിഴക്കോട്ടു ദര്‍ശനമായി ദൂര്‍ഗ്ഗയേയും, പടിഞ്ഞാറോട്ട് ദര്‍ശനമായി ഭ്രദകാളിയേയും പ്രതിഷ്ഠിച്ചു. ഒരേ ശ്രീകോവിലില്‍തന്നെ തുല്യപ്രാധാന്യത്തോടുകൂടി ഭഗവതിയേയും വിഷ്ണുവിനേയും ആരാധിയ്ക്കുന്നു. ക്ഷേത്രത്തിൽ ദേവിയെ വിഗ്രഹസാന്നിദ്ധൃത്തിലും മഹാവിഷ്ണുവിനെ സാളഗ്രാമരുപത്തിലുമാണ് ഇവിടെ ആരാധിയ്ക്കുന്നത്. ആശ്രയിച്ചെത്തുന്ന ഭക്തജനങ്ങളുടെ ആത്മഹര്‍ഷമാണ് അഭീഷ്ടവരദായിനിയും വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്നതുമായ കൊച്ചുചോറ്റാനിക്കരയമ്മ. കലികാലസ്വരൂപിണിയായ അമ്മ കാലാനുഗ്രഹ ശക്തിയാണെന്ന് അനുഭവസ്ഥര്‍ പറയുന്നു.
ശിവന്‍ ഉപദേവനാണെങ്കിലും ദേവിക്ക് തുല്യം പ്രാധാന്യം നല്‍കുന്നു, വടക്കോട്ട് കല്ലടയാറ്റിലേയ്ക്ക് ദര്‍ശനമുള്ള ഒരു ശിവാലയമാണ്. കാട്ടാള രൂപംപൂണ്ട ശിവന്‍ ഘോരയുദ്ധത്തില്‍ പരാജിതനായ അര്‍ജ്ജുനന് പാശുപതാസ്രതം നല്‍കി നില്‍ക്കുന്ന ശിവഭാവമാണ് ഇവിടുത്തെ പ്രതിഷ്ഠ. കേരളത്തില്‍ വിരലിലെണ്ണാവുന്ന ക്ഷ്രേതങ്ങളില്‍ മാത്രമാണ് ഇങ്ങനെയുള്ള പ്രതിഷ്ഠയുള്ളത്. കൂടാതെ ഗണപതി, വേല്‍പ്രതിഷ്ഠയുള്ള മുരുകന്‍, ഹനുമാന്‍സ്വാമി, ശാസ്താവ്, യോഗീശ്വരന്‍, രക്ഷസ്സ്, സര്‍പ്പങ്ങള്‍, യക്ഷി, മറുതക്കാവില്‍ മറുത, മാടന്‍, അറുകൊല, പേയ്, മന്ത്രമുഹൂര്‍ത്തി ബ്രഹ്മരക്ഷസ്സ്, കത്തനാര്‍, ജിന്ന്.